പുറത്ത് തകര്‍ത്തുപെയ്ത മഴ പൊടുന്നനെ നിലച്ചപ്പോള്‍ "അമ്മേ " ആരാണീ മഴയുടെ സ്വിച്ച് ഓഫ് ചെയ്തത് എന്ന് സഹോദരന്റെ നാലു വയസുകാരനായ മകന്‍ അവന്റെ അമ്മയോട് ചോദിച്ചെന്ന് ഒരു കൂട്ടുകാരന്‍ ഒരിക്കല്‍ പറഞ്ഞു. അഞ്ചാറ് വര്‍ഷം മുന്‍പാണ്. അന്ന് അത് ഒരു ഒറ്റ വരി കഥ പോലെ മനസില്‍ പതിഞ്ഞു. സഹജമായ കൌതുകത്തില്‍ നിന്ന് പുറത്തു വന്ന നിഷ്കളങ്കതയുടെ നേര്‍മ്മ ആ വാക്കുകളില്‍ പ്രകാശിച്ചിരുന്നു.
ആറുവയസുകാരനായ മകനോട് "കള്ളം പറയല്ലെ, പറഞ്ഞാല്‍ രാത്രിയില്‍ ഭൂതം വന്ന് പേടിപ്പിക്കും" എന്ന് സോദ്ദേശ്യത്തോടെ പറയുമ്പോള്‍ "അപ്പോള്‍ അച്ഛന്‍ പറയുന്ന ഈ കള്ളം കേട്ടാലും ഭൂതം വരില്ലെ" എന്ന മറു ചോദ്യം ഈയിടെ കേട്ടു. പറഞ്ഞു പഠിപ്പിക്കാതെ ഉള്ളിലെ തള്ളിച്ചകളില്‍ നിന്ന് കുതിച്ചെത്തുന്ന സ്വാഭാവികമായ ഇത്തരം ചില ഒഴുക്കുകള്‍ തന്നെയാണ് നല്ല സാഹിത്യം.
ആര്‍ രാധാക്യഷ്ണന്റെ ഐടി@സ്കൂള്‍ എന്ന കഥയിലെ കുട്ടി, കമ്പ്യൂട്ടര്‍ ക്ലാസില്‍ അദ്ധ്യാപകനോട് ചോദിക്കുന്നു. "എന്നും രാവിലെ സൂര്യനെ അപ്‌ലോഡ് ചെയ്യുവാന്‍ ദൈവം ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്"?
അവന്‍ അങ്ങനെ ചോദിക്കും എന്നെനിക്കുറപ്പാണ്. പ്രത്യേകിച്ചും ഇ-കാലത്ത്.
'ഒരു ചെമ്പനീര്‍ പൂവിറുത്ത്' എന്ന ആദ്യ കഥാ സമാഹാരത്തിലെ ആയാസരഹിതമായ രചനാ ശൈലിയിലൂടെ ആര്‍ രാധാക്യഷ്ണന്‍ എന്റെ പ്രിയപ്പെട്ട കഥാകാരന്മാരില്‍ ഒരാളായി മാറിയത് വിസ്മയത്തൊടെ ഞാന്‍ തിരിച്ചറിയുന്നു.
സാഹിത്യമെന്നാല്‍ മലയാളത്തെ സംബന്ധിച്ചിടത്തോളം മുന്‍ നിര പ്രസിദ്ധീകരണങ്ങളില്‍ അച്ചടി മഷി പുരണ്ട് പുറത്ത് വരുന്നവയാണ് എന്ന പ്രബലമായ ധാരണയാണ് അടുത്ത കാലം വരെ എനിക്കുണ്ടായിരുന്നത്. എന്നാല്‍ കമ്പ്യൂട്ടറിനുള്ളില്‍ ലോകത്തിലേക്ക് തുറക്കുന്ന വിശാലമായ മറ്റൊരു 'ഉലകം' ഉണ്ടെന്നു കാണിച്ചു തന്ന അടുത്ത സുഹ്യത്ത് എന്റെ അബദ്ധ ധാരണകള്‍ തിരുത്തി, അവിടെ സമാന്തരവും ശക്തവുമായ ഒരു സാഹിത്യലോകത്തെയും കാണാനായി.
അങ്ങിനെയെപ്പോഴോ 'മീശ കിളിര്‍ക്കാത്ത'(അനാഗതശ്മശ്രു) ആര്‍ രാധാക്യഷ്ണനെ
യും ഇ-ലോകത്ത് കണ്ടു. എങ്കിലും അച്ചടി മഷി പുരണ്ടൊരു പുസ്തകമായി പുറത്തു വന്നപ്പോഴാണു രാധാക്യഷ്ണന്‍ "ഇ-ലോകത്തിനു“ മാത്രമല്ല ഈ ലോകത്തിനും ചേരുന്ന എഴുത്തുകാരനാണെന്ന് മനസിലാകുന്നത്. 21 ചെറിയ കഥകളാണ് പുസ്തകത്തില്‍. സരളവും സരസവുമായ ഭാഷയും അടിയിലൊളിച്ചുവയ്ക്കാന്‍ ശ്രമിക്കുമ്പോഴും പുറത്തേക്ക് തുളുമ്പിവരുന്ന സറ്റയറുമാണ് മിക്ക കഥകളുടെയും മുഖമുദ്ര. കഥയും, കഥയെഴുത്തും, സാഹിത്യവും പ്രസാധകനും പ്രസിദ്ധീകരണങ്ങളും പുതിയകാല മാധ്യമ തന്ത്രങ്ങളുമെല്ലാം രചനകളില്‍ കടന്നുവരുന്നു. ചിലതെല്ലാം നമുക്കും പലവുരു മനസില്‍ തോന്നിയവ. "പുതു കഥകളും കവിതകളും വായിച്ച് പലതും മനസിലാകാതെ ഇരിക്കുന്ന വായനക്കാരന്‍ ആകെ ക്ഷമ കെട്ട് നളിനി എടുത്ത് ഉറക്കെ വായിക്കുന്നു"എന്ന് ആത്മകഥ എന്ന കഥയില്‍ രാധാക്യഷ്ണന്‍. 'അഗ്രഗാമി' എന്ന കഥയില്‍ “പേരെടുത്തവരെ വിളിച്ച് ഓണപ്പതിപ്പിന് കഥ ക്ഷണിക്കുന്ന ഏര്‍പ്പാട് ഇപ്പോള്‍ പതിവാണ്. കഥയുടെയും കവിതയുടേയും ഫാക്ടറി സ്ഥാപിച്ചവര്‍ക്ക് ഒരു പ്രശ്നമായിരിക്കില്ല ഇത്! ഒരറ്റത്ത് ഫോര്‍മാറ്റും ഇന്‍പുട്ടും ഇട്ടുകൊടുത്താല്‍ കഥയൊ കവിതയോ മറ്റേ അറ്റത്ത് ഇന്‍സ്റ്റന്റായി കിട്ടുന്ന ഇടങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു“ എന്നും രാധാക്യഷ്ണന്‍ പറയുന്നു. ഇവ ചില ഉദാഹരണങ്ങള്‍
കഥ വരാത്ത മാനസികാവസ്ഥയക്കുറിച്ച് പറയുന്നുണ്ട് ഈ പുസ്തകത്തില്‍. ആ അവസ്ഥയും കഥയായി രാധാകൃഷ്ണന്. ആ അവസ്ഥ അല്ല, അതിന്റെ പരിസരങ്ങളാണ് 'അഗ്രഗാമി'യില്‍. പക്ഷെ പ്രകാശിക്കുന്നത് 'ഉമ്മക്കൊത്സുവിന്റെ സങ്കടങ്ങള്‍', 'സൈബര്‍ സല്ലാപം', 'ഒരു ചെമ്പനീര്‍ പൂവിറുത്ത്', അങ്ങനെ ബഹുമുഖമായ നല്ല മറ്റു ചില കഥകളും. ഈ ഒരു കയ്യടക്കമുള്ളതുകൊണ്ടു തന്നെ ഇനിയും കഥകളുണ്ടാക്കാന്‍ രാധാക്യഷ്ണന് പ്രയാസമുണ്ടാകില്ല, 'ഉണ്ടാക്കുന്നു' എന്ന് തോന്നിപ്പിക്കാതെ തന്നെ.
പുസ്തകത്തിനു മുന്നില്‍ പതിവായി കാണുമ്പോലുള്ള 'ആമുഖം', ലോകപ്രസാധന ചരിത്രത്തില്‍ തന്നെ പതിവില്ലാത്ത് 'ഇ-മുഖ'വുമുണ്ട്. എഴുത്തുകാരനിലേക്കും എഴുത്തിലേക്കുമുള്ള പ്രവേശികയാണ് രണ്ടും. എന്നാല്‍ ഇവയിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും മുന്നിലായി ഒരു - പൂമുഖം നിര്‍മ്മിച്ച് രാധാക്യഷ്ണന്‍ നമ്മെ ഞെട്ടിക്കുന്നു.
പല മാനങ്ങളുള്ള വരുംകാല കഥകള്‍ക്കായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ‘ഇ-മാനസ്വഭാവ'മുള്ള ഈ കഥാസമാഹാരത്തിന്റെ നന്മ.