ടെലിവിഷന്‍ ചാനലുകളിലൂടെ സ്വീകരണമുറിയില്‍ ഇടം പിടിക്കുന്നതിനു മുമ്പ്, കളിയുടെ ആവേശം ചോര്‍ന്ന് പോകാതെ, അതിന്റെ തുടക്കവും ഒടുക്കവും പത്രത്താളുകളിലൂടെ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയ കളിയെഴുത്തുകാരനാണ് വിംസി എന്ന വിഎം.ബാലചന്ദ്രന്‍. കളിക്കളത്തില്‍ ഇറങ്ങാതെയും ഗ്യാലറിയില്‍ പോകാതെയും സ്പോര്‍ട്സ് ആസ്വദിക്കാമെന്നത് മലയാളിയെ പഠിപ്പിച്ചതും വിംസിയാണ്. ഗ്യാലറിയിലെ സാധാരണക്കാരായ കായികപ്രേമികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, അവരുടെ ശൈലിയില്‍, അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന രീതിയില്‍ പുതിയൊരു കളിയെഴുത്തും സമീപനവും രൂപപ്പെടുത്തിയെടുത്തതും മറ്റാരുമല്ല. മലയാള സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗിന് ഇന്നു കാണുന്ന രൂപവും ഭാവവും ഭാഷയുമൊക്കെ രൂപപ്പെട്ടത് വിംസിയിലൂടെയാണെന്ന് നിസ്സംശയം പറയാം. കളിയെഴുത്തില്‍ വരും തലമുറകള്‍ക്ക് അനുകരണീയമായ ഒരു മാതൃക സൃഷ്ടിച്ച വിംസി കളിയാസ്വാദനത്തിന്റെ ഒരു സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിലും പ്രധാന പങ്കാണ് വഹിച്ചത്.
കളിയെഴുത്ത് മലയാള പത്രപ്രവര്‍ത്തനത്തിലെ ഒരു പ്രത്യേക ശാഖയാക്കി വികസിക്കുന്നതും കളിയോളം തന്നെ ആസ്വാദ്യമായ ഒരു മേഖലയായി അസ്തിത്വം നേടുന്നതും വിംസി എന്ന വി.എം.ബാലചന്ദ്രനിലൂടെയാണ്. ബ്രാഡ് മാന്റെയും പെലെയുടേയും മുഹമ്മദലിയുടേയും കാലവും പി.ടി.ഉഷയുടേയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും കാള്‍ ലൂയിസിന്റെയും കാലവും ഒരു പോലെ മലയാളി അറിഞ്ഞതും, അനുഭവിച്ചതും, രേഖപ്പെടുത്തി വെച്ചതും വിംസി എന്ന സ്പോര്‍ട്സ് ലേഖകനിലൂടെയാണ്. മാതൃഭൂമി ദിനപത്രത്തില്‍ ന്യൂസ് എഡിറ്ററായും അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു പിരിഞ്ഞ വിംസി വിരമിച്ച ശേഷവും രണ്ടു പതിറ്റാണ്ടായി കേരളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളിലും കളിയെക്കുറിച്ച് എഴുതിയിരുന്നു. മലയാള സ്പോര്‍ട്സ് വായനക്കാര്‍ വിം.സി എന്ന വാക്ക് കലര്‍പ്പില്ലാത്ത കായികം എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കുന്നത്. കാണികളിലൊരാളായി അവരുടെ പക്ഷത്തു നിന്നുകൊണ്ട് നല്ല കളികള്‍ കാണാനുള്ള അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം തൂലിക ചലിപ്പിച്ചയാളാണ് വിം.സി. കളിവിരുദ്ധമായ എന്തിനെയും എതിര്‍ത്ത വിംസി ഗൌരവമേറിയ ഒരു സ്പോര്‍ട്സ് വായനക്ക് കേരളത്തില്‍ കളമൊരുക്കി. കളിക്കളത്തിലെ തെറ്റായ പ്രവണതയെ വിംസി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കാറ്. ഒട്ടേറെ വലിയ കളിക്കാര്‍ വരെ മുഖം നോക്കാതെയുള്ള വിംസിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ തന്റെ കായികക്കുതിപ്പിന് ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്നാണ് പി.ടി.ഉഷ പറഞ്ഞത്. കേരളത്തിലെ കായികമേഖലക്ക് വിംസി ചെയ്ത സംഭാവന ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ വിളയാട്ടുശ്ശേരി മുള്ളമ്പത്ത് തറവാട്ടില്‍ 1925 നവമ്പര്‍ 25-നാണ് വിംസി എന്ന വി.എം.ബാലചന്ദ്രന്‍ ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ അസുഖം മൂലം പഠനം നിറുത്തേണ്ടിവന്ന ബാലചന്ദ്രന്‍ 1949-ല്‍ കോഴിക്കട്ടു നിന്നിറങ്ങുന്ന 'ദിനപ്രഭ' എന്ന പത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തെത്തുന്നത്. 1950-ല്‍ മാതൃഭൂമിയില്‍ സബ്ബ് എഡിറ്റര്‍ ആയ വിംസി 1985 നവംമ്പര്‍ 25-ന് അസിസ്റന്റ് എഡിറ്ററായാണ് വിരമിക്കുന്നത്. പിന്നീട് അഞ്ചുവര്‍ഷം കാലിക്കറ്റ് ടൈസില്‍ അസോസിയെറ്റ് എഡിറ്ററായി ജോലി നോക്കി. വിരമിച്ച ശേഷവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളിലും കളിയെക്കുറിച്ച് വിംസി എഴുതിയിരുന്നു.
വാര്‍ദ്ധക്യം ഓര്‍മ്മകളില്‍ നിഴല്‍ വീഴ്ത്തിയപ്പോഴും കളിക്കളത്തിലെ ആരവങ്ങളും ആവേശവുമെല്ലാം വിംസി മനസ്സില്‍ നിറം മങ്ങാതെ സൂക്ഷിച്ചിരുന്നു. വിംസിയിലൂടെ കായിക കേരളത്തിന് നഷ്ടമായത് ഒരു കളിയെഴുത്തുകാരന്‍ മാത്രമല്ല, ഒരു സ്പോര്‍ട്സ് വിമര്‍ശകന്‍..... അതിലുപരി മലയാളം സ്പോര്‍ട്സ് ജേര്‍ണലിസത്തിന്റെ ഉപജ്ഞാതാവു കൂടിയാണ്.
ചിത്രങ്ങള്‍: പുനലൂര്‍ രാജന്‍