നാട്ടുപച്ചയിലൂടെയും (ബ്ലോഗിലൂടെയും) ശ്രീ
പ്രശാന്ത് ആര്‍ കൃഷ്ണ അനാവരണം ചെയ്യാന്‍ ശ്രമിച്ച കൃഷ്ണന്റെ ഭീകര മുഖം കണ്ടപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. കൃഷ്ണന്റെ സ്വന്തം പേരുകാരന്‍ എഴുതിയത് എന്ന താത്പര്യത്തിലാണ് വായന തുടങ്ങിയത്. ഉള്ളടക്കം ചരിത്രപരമായി ശരിയാണെന്ന് തോന്നുന്നില്ല.
ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണയുടെ വാദമുഖങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു:
"1. മഹാഭാരത യുദ്ധത്തില്‍ ധാരാളം ധര്‍മ്മച്യുതികള്‍ പാണ്ഡവ പക്ഷത്ത് നിന്നുണ്ടായിട്ടുണ്ട്. അതിനാല്‍ ഇതൊരു ധര്‍മ്മയുദ്ധമല്ല.
2. യയാതിയുടെ മൂത്ത മകന്‍ യദു വാണ് ശരിക്കും കിരീടാവകാശി. രാജ്യം പൂരുവിന് കൊടുത്തത് ശരിയല്ല.
3. യാദവകുലത്തിലേക്ക് ചെന്നു ചേരേണ്ട ഭാരത ദേശം അപ്രകാരം ചെന്ന് ചേര്‍ന്നത് കൃഷ്ണന്റെ സമര്‍ഥമായ ഇടപെടല്‍ നിമിത്തമാണ്.
4. ഈ കാര്യം പുറത്തറിയുന്നത് ഞാന്‍ (ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ) സമര്‍ഥമായി ഇടപെട്ടത് കൊണ്ടാണ്.
5. യാദവകുലത്തിന്റെ വംശാവലി ഞാന്‍ (ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ) പറയുന്നതാണ്. താങ്കളെന്ത് വാദിച്ചാലും അത് മുഖവിലക്കെടുക്കുന്നതല്ല! "
വര്‍ത്തമാനകാല മാനദണ്ഡങ്ങള്‍ വെച്ച് പ്രാചീന കാല ചെയ് തികള്‍ വിലയിരുത്തുവാനും തീര്‍പ്പുകള്‍ കല്‍പ്പിക്കുവാനും നമുക്ക് സ്വാതന്ത്ര്യം ഉണ്ടോ? യുഗങ്ങള്‍ക്കു മുമ്പുള്ളവരുടെ തീരുമാനങ്ങളില്‍ തെറ്റ് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, ആ തീരുമാനങ്ങളിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ചും, അന്നു നിലവിലിരുന്ന സാഹചര്യങ്ങളില്‍, ഇതിനു പകരം വെക്കാവുന്ന, സാദ്ധ്യമായ മറ്റു വഴികളെകുറിച്ചുമെല്ലാം നാം ചിന്തിക്കേണ്ടതല്ലെ? അങ്ങനെയുള്ള അവബോധത്തിലൂന്നിക്കൊണ്ടുള്ള വിമര്‍ശനത്തിന് മാത്രമല്ലെ, പ്രസക്തിയുള്ളു?
അവസാന വിശകലനത്തില്‍ ഈ മഹാഭാരത ധര്‍മ്മയുദ്ധം കേവലമൊരു കുടുംബ വഴക്കായിപ്പോലും പരിഗണിക്കപ്പെടാമല്ലോ? ഏത് യുദ്ധങ്ങളിലും ചില അധാര്‍മ്മികതകള്‍ അനുവദിക്കപ്പെടാറില്ലേ? ദുര്യോധനാദികള്‍ അധര്‍മ്മങ്ങള്‍ ചെയ്ത് കൂട്ടിയത് സമാധാനകാലത്തായിരുന്നുവെന്നും അറിയുക. ഭീമനില്‍ പ്രധാന ശത്രുവിനെ, കുട്ടിക്കാലത്തു തന്നെ കണ്ടെത്തിയ, ദുര്യോധനന്‍ അദ്ദേഹത്തെയും സഹോദരരെയും വകവരുത്തുവാന്‍ എന്തെല്ലാം ചെയ്തു! വിഷപ്രയോഗം, നദിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി അരക്കില്ലം വരെ! യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടത് യുധിഷ്ടിരനായിരുന്നല്ലോ. എന്നിട്ടും അവസാനം പകുതി രാജ്യം സ്വീകരിച്ച് ഖാണ്ഡവപ്രസ്ഥത്തിലേക്ക് മാറേണ്ടി വന്ന അവര്‍ മയന്റെ സഹായത്തോടെ അവിടം മനോഹരമാക്കി. യുധിഷ്ടിരന്റെ കീര്‍ത്തി, രാജസൂയ യാഗത്തിന്റെ വിജയം, അവരുടെ കൊട്ടാര സന്ദര്‍ശനത്തിലിടക്ക് പിണഞ്ഞ അമളികള്‍ മുതലായവയാണ് കള്ളച്ചൂതിലേക്കും വനവാസത്തിലേക്കും മറ്റും നയിച്ചത്. വാസ്തവത്തില്‍ ദ്രൌപതിക്കേറ്റ അപമാനം മാത്രം മതി ഒരു ക്ഷത്രിയന് യുദ്ധത്തിന് തുനിയാന്‍. പിന്നെ അഞ്ച് ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചപമാനിക്കപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി? ദുര്യോധനന്‍, ദുശ്ശാസനന്‍, ശകുനി മുതലായവരുടെ അധര്‍മ്മങ്ങള്‍ക്കു ധൃതരാഷ് ട്രര്‍ കൂട്ട് നില്‍ക്കുകയായിരുന്നു, വിദുരരുടെ ഉപദേശങ്ങള്‍ക്കൊന്നും വഴങ്ങാതെ. സ്വതവെ അന്ധനായവനെ പുത്ര സ്നേഹം കൂടുതല്‍ അന്ധനാക്കി.
യുദ്ധത്തില്‍ കൌരവര്‍ ചെയ്തയത്രയും അധര്‍മ്മം പാണ്ഡവര്‍ ചെയ്തിട്ടുണ്ടോ? അഭിമന്യു ചക്രവ്യൂഹത്തിനകത്ത് വെച്ചു കൊല്ലപ്പെട്ടത് ധര്‍മ്മമനുസരിച്ചാണോ? എല്ലാവരും കൂടി വളഞ്ഞിട്ടടിച്ചു കൊല്ലുകയല്ലായിരുന്നോ? പുറത്തു കടക്കാനറിയാത്ത് കൊണ്ട് മാത്രമല്ല ആ മഹാരഥന്‍ കൊല്ലപ്പെട്ടത്. ചക്രവ്യൂഹത്തിനകത്ത് നിന്നു കൊണ്ട് തന്നെ, സൂര്യാസ്തമയം വരെയോ, അര്‍ജുനന്‍ മടങ്ങി വരുന്നത് വരെയോ പോരാടാന്‍ കെല്‍പ്പുള്ളവനായിരുന്നു അഭിമന്യു.. മാത്രമല്ല, യുദ്ധം തോല്‍ക്കാതിരിക്കാന്‍ ചക്രവ്യൂഹം ഭേദിച്ചാല്‍ മാത്രം മതി താനും. മഹാഭാരതയുദ്ധത്തിനാവശ്യമായതോ അതിലധികമോ തിന്മകള്‍ തീര്‍ച്ചയായും കൌരവപ്രഭൃതികള്‍ ചെയ്തു കൂട്ടിയിട്ടുണ്ട്.അധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തിലൂടെ തട്ടിയെടുത്ത രാജ്യം തിരിച്ചു പിടിക്കാന്‍ ധര്‍മ്മത്തിന്റെ മാര്‍ഗ്ഗങ്ങളെല്ലാം ശ്രമിച്ച ശേഷം മാത്രമാണ് പാണ്ഡവര്‍ യുദ്ധത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ധര്‍മ്മയുദ്ധമാണ്. യയാതി വരെ പിന്തിരിഞ്ഞു നടക്കേണ്ടതില്ല, ധര്‍മ്മം സ്ഥാപിക്കാന്‍. പക്ഷെ കഷ്ടപ്പെട്ട് അതുവരെ എത്തിയാല്‍ മാത്രമെ, കൃഷ്ണനെ എറിയാനുള്ള വടി കിട്ടുകയുള്ളൂ.
ഇനി യയാതിയിലേക്കു വരാം. അല്ല, അദ്ദേഹത്തിന്റെ മക്കളിലേക്ക്. യദു ദേവയാനിയിലുണ്ടായ മകനാണ്. ആരാണ് ദേവയാനി? രാജകുമാരിയല്ല. അസുര ഗുരുവായ ശുക്ര മഹര്‍ഷിയുടെ ലാളിച്ച് വഷളാക്കപ്പെട്ട മകള്‍. കചനെ പ്രണയിച്ച് വശത്താക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടവള്‍. നേടിയ വിദ്യ ഫലിക്കുകയില്ലെന്ന് കചനെ ശപിച്ചവള്‍. ഋഷി പുത്രന്മാരാരും തന്നെ വരിക്കുകയില്ലെന്ന് പകരം ശാപം വാങ്ങേണ്ടി വന്നവള്‍. പൂരുവാകട്ടെ, ശര്‍മ്മിഷ്ടയിലുണ്ടായ മക്കളില്‍ ഇളയവന്‍. അനുസരണയുള്ളവന്‍. ശര്‍മ്മിഷ്ടയാണെങ്കിലോ, വൃഷപര്‍വാവെന്ന അസുര രാജാവിന്റെ മകളാണെങ്കിലും ദേവയാനിയെ കിണറ്റില്‍ തള്ളിയിട്ട കുറ്റത്തിന് അവളുടെ ദാസിയായി യയാതിയുടെ കൊട്ടാരത്തിലും അവളെ സേവിച്ചിരിക്കേണ്ടി വന്നവള്‍. ശുക്രനെ പിണക്കാന്‍ ആര്‍ക്കും ധൈര്യം പോരായിരുന്നു. എന്നാല്‍ രഹസ്യമായി പ്രാപിക്കാന്‍ വന്ന യയാതി രാജാവിനെ പിണക്കാനും ശര്‍മ്മിഷ്ടക്കാകുമായിരുന്നില്ല. മക്കളായിക്കഴിഞ്ഞ ശേഷമാണ് ദേവയാനി വിവരമറിയുന്നത്. ഉടനെ പരാതി ചെന്നു, പിതാവിന്. ശുക്രന്റെ ശാപവും വന്നു, പിന്നാലെ; യയാതി ജരാനരകള്‍ വന്നു അവശനായിപ്പോകട്ടെയെന്ന്. ലോകത്തിലേതെങ്കിലും ഭാര്യ ഭര്‍ത്താവിന് ഇങ്ങനത്തെ ശാപം വാങ്ങിക്കൊടുക്കുമോ? എന്റെ കാര്യം മുടങ്ങിയാലും, സപത്നിയുടെ കാര്യം നടക്കരുതെന്നു മാത്രമായിരുന്നു ഉദ്ദേശ്യം.
ഈ ദേവയാനി യയാതിയെ വരിച്ചതിലും ഉണ്ട്, വൈചിത്ര്യം. കിണറ്റില്‍ നിന്ന് ദേവയാനിയെ കൈ പിടിച്ച് കയറ്റിയത് നായാട്ടിന് അതു വഴി പോയ യയാതിയായിരുന്നു. പാണിഗ്രഹണം കഴിഞ്ഞു എന്ന് വാദിച്ച് പിന്നെയവള്‍ ആ കൈ വിട്ടില്ല. യയാതിക്കും ശുക്ര മഹര്‍ഷിയെ പേടിയായിരുന്നു.
എന്തായാലും, മക്കളാരെങ്കിലും യൌവനം കടം കൊടുത്താല്‍ ജര മാറിക്കിട്ടുമെന്ന ഒരു ശാപമോക്ഷം കൊടുക്കുവാന്‍ ഋഷി കരുണ കാട്ടി. (യയാതിക്കത് തന്നെ വരണം. മകള്‍ മാധവിയെപ്പോലും മാനം മര്യാദയായി കല്യാണം കഴിപ്പിച്ചയക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടില്ല, സ്വന്തം ജീവിതം ആസ്വദിക്കുന്ന തിരക്കില്‍.) ഏതായാലും യയാതി മക്കള്‍ക്കെല്ലാം ഒരേ വാഗ്ദ്ധാനമാണ് നല്‍കിയത്. ആരാണോ യൌവനം കടം തരുന്നത്, അവര്‍ക്കത് മടക്കിക്കിട്ടും, രാജ്യവും. എല്ലാവരും രണ്ടും നിഷേധിച്ച ശേഷമാണ് അവസാനത്തെ പുത്രനായ പുരു സമ്മതം മൂളുന്നത്. ഇനി തീരുമാനിക്കുക. അനുസരിച്ചവര്‍ക്കല്ലേ രാജ്യം നല്‍കേണ്ടത്? വാഗ്ദ്ധാനം നിരസിച്ച യദുവിന് അവകാശങ്ങള്‍ ഒന്നും തന്നെയില്ല. പിന്നെയല്ലെ യദു വംശത്തിന്!
കൃഷ്ണനെ വെറുതെ വിടുന്നതല്ലെ യുക്തി? മൂത്തയാള്‍ രാജാവാകാത്ത ഉദാഹരണങ്ങള്‍ വേറെയുമില്ലേ, മഹാഭാരതത്തില്‍? ബലരാമന്‍ ആരാണ്? ശരിക്ക് കൃഷ്ണന്റെ മൂത്ത സഹോദരനല്ലേ? പാണ്ഡുവിന്റെ കാലശേഷമല്ലേ, ധൃതരാഷ് ട്രര്‍ രാജ്യം ഭരിക്കാന്‍ തുനിഞ്ഞത്? ഭീഷ്മപ്രതിജ്ഞയുടെ ഫലമായല്ലെ വിചിത്രവീര്യന്‍ രാജാവായത്?
അഭിമന്യു എന്തിനാണ് കംസന്റെ മരണത്തിന് പകരം ചോദിക്കുന്നത്? അതും കൃഷ്ണനോട്? കൃഷ്ണനല്ലേ കംസനോട് കൂടുതല്‍ രക്തബന്ധം? കംസവധം കൊണ്ട് അഭിമന്യവിനെന്ത് പ്രയാസമാവും നേരിട്ടിണ്ടാവുക? ദുര്‍ഭരണത്തില്‍ നിന്നുള്ള മോചനം ആഹ്ലാദപൂര്‍വം തന്നെയാണ് ജനങ്ങള്‍ എതിരേറ്റത്. കൃഷ്ണനോ ബലരാമനോ അല്ല, ഉഗ്രസേനനാണ് രാജാവായത് എന്നും ഓര്‍ക്കുക. സുഭദ്രയുടെ വയറ്റില്‍ പുരുഷപ്രജയാണെന്നും, അവന്‍ അഭിമന്യുവായി പോരാടുമെന്നും ചക്രവ്യൂഹം ഭേദിക്കാന്‍ ശ്രമിക്കുമെന്നും ഒക്കെ അറിഞ്ഞ കൃഷ്ണന്‍, വ്യൂഹം തകര്‍ക്കാന്‍ മാത്രം പറഞ്ഞു കൊടുത്ത് നിറുത്തിയെന്നാണെങ്കില്‍, ബാക്കി കാലം മുഴുവന്‍ പാഠ ബാക്കി മനസ്സിലാക്കുവാന്‍ യാതൊരു ശ്രമവും നടത്താതെ അഭിമന്യു ജീവിച്ചുവെന്നത് അതിശയം തന്നെ. ബാക്കി പറഞ്ഞു കൊടുക്കുവാന്‍ അര്‍ജുനന്‍ പോലും തുനിഞ്ഞില്ലയെന്നത് അതിലും വലിയ അതിശയം! (അര്‍ജുനന്‍ കൃഷ്ണന്റെ സഹായിയായിരുന്നല്ലോ, അല്ലെ?) പരീക്ഷിത്തിനെ ജീവിപ്പിക്കാന്‍ കഴിവുള്ള കൃഷ്ണനെന്തേ ഗര്‍ഭത്തിലെ അഭിമന്യുവിനെ നശിപ്പിക്കാനാവാഞ്ഞത് എന്നതും അതിശയം തന്നെ. നീണ്ട 16 കൊല്ലം ടെന്‍ഷനടിച്ചിരിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?
യുദ്ധം കൃഷ്ണന്റെ പദ്ധതിയായിരുന്നെന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസം തന്നെ. ഒരു ഗ്രാമമെങ്കിലും തന്നാല്‍ മതിയെന്നു കേണിട്ടും ആട്ടിപ്പുറത്താക്കിയ പോലെ കൃഷ്ണനെ അപമാനിച്ചയച്ചത് ദുര്യോധനനായിരുന്നില്ലേ?ഭീമനും മറ്റുള്ളവരും യുദ്ധത്തിന് താത്പര്യപ്പെട്ട് നില്‍ക്കുമ്പോള്‍ തന്നെയാണ് ഭഗവദ്ദൂദ് ഉണ്ടാവുന്നത്.കൃഷ്ണന്റെ ഇടപെടല്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍ യുദ്ധം എന്നേ തുടങ്ങുമായിരുന്നു.
ഇനി പാണ്ഡവരുടെ രാജ്യത്തിലായിരുന്നു കൃഷ്ണന്റെ കണ്ണെങ്കില്‍, ഇത്രക്കൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നുവോ? പാണ്ഡവരോടാരോടെങ്കിലും ഒന്നു സൂചിപ്പിച്ചാല്‍ സാമ്രാജ്യം മുഴുവന്‍ സമര്‍പ്പിക്കുവാന്‍ അവര്‍ തയ്യാറായിരുന്നില്ലെ! രാജസൂയത്തില്‍ അഗ്ര്യപൂ ജക്കര്‍ഹനായത് കൃഷ്ണനായിരുന്നില്ലേ? അല്ലെങ്കില്‍ അതിനും മുമ്പ് ദുര്യോധനനെ തോല്‍പ്പിച്ച് രാജ്യം മുഴുവന്‍ സ്വന്തം നിലക്കു നേടുവാനും പ്രാപ്തനായിരുന്നില്ലേ കൃഷ്ണന്‍?
ഇനി പുരുവംശത്തില്‍ കലര്‍പ്പ് ചേര്‍ക്കലായിരുന്നു ഉദ്ദേശ്യമെങ്കില്‍, അതിന്റെ ആവശ്യമുണ്ടായിരുന്നോ? വ്യാസന്റെ മക്കളല്ലെ പാണ്ഡുവും ധൃതരാഷ് ട്രരും.മത്സ്യയോനിയിലുണ്ടായ സത്യവതിക്ക് പരാശര മഹര്‍ഷിയിലുണ്ടായ വ്യാസനും പൂരുവംശവും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതി അന്നത്തെ നാട്ടുനടപ്പാണെന്ന് മനസ്സിലാക്കാമെങ്കില്‍, മറ്റു കാര്യങ്ങളിലും പ്രാചീനകാല ആചാരങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാവും എന്നതുറപ്പല്ലേ? ഏത് വംശാവലിയിലും സുഹൃദ് രാജ്യങ്ങളില്‍ നിന്നുള്ള വിവാഹങ്ങള്‍ അതിസാധാരണങ്ങളാണ്. ആ തീരുമാനങ്ങള്‍ക്ക്, അതിന്റേതായ യുക്തികളും ഉണ്ടാവും. കലര്‍പ്പുകള്‍ ചെറുക്കപ്പെടേണ്ടവയാണെങ്കില്‍ അതു മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ മാത്രം കഴിവുള്ളവരായിരുന്നിരിക്കും അന്നത്തെ ചക്രവര്‍ത്തിമാര്‍ എന്നു വിശ്വസിക്കുവാന്‍ തന്നെയാണെനിക്കു താത്പര്യം.
യാദവ വംശാവലിയിലെ പതിനൊന്ന് (?) തലമുറകളിലെവിടെയും കലര്‍പ്പുണ്ടായിട്ടില്ല എന്നുറപ്പുണ്ടോ? അവരുടെ ദായക്രമം മാതാവു വഴിക്കല്ലേ? അതില്‍ മാറ്റങ്ങളുണ്ടായിട്ടില്ലേ? വിരാടനും പുത്രി ഉത്തരയും മാത്സ്യന്മാരില്‍ പെടുന്നവരല്ലേ? പരീക്ഷിത്തെങ്ങനെ മുഴുവന്‍ യാദവനായി? (ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ പറയുന്നത് വരെ, യാദവ വംശം മുഴുവന്‍ നശിച്ചു പോയി എന്നും (ഗാന്ധാരീ ശാപം മൂലം), പൂരുവംശം പരീക്ഷിത്തിലൂടെ തുടര്‍ന്നു എന്നും ആണ് ഞങ്ങള്‍ പാമരര്‍ കരുതിയിരുന്നത്.)
ഇന്ത്യന്‍ പോലീസ് ഭീകര ബന്ധം ചികഞ്ഞെടുക്കുന്ന പോലത്തെ ഒരു അഭ്യാസമായിപ്പോയി, ഇത്. നമുക്ക് കൃഷ്ണനെ വെറുതെ വിടാം!