പതിനാലാമത് സംസ്ഥാന ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ മേള സംവദിച്ചത് കലാപരമായി ശുഷ്കമായികൊണ്ടിരിക്കുന്ന നമ്മുടെ ചലച്ചിത്രരംഗത്തോടാണെന്നു തോന്നി.
ജീവിതത്തിലേയ്ക്ക് തിരിച്ചുപിടിക്കേണ്ട കണ്ണാടിയില്‍ മാറാലയും പൊടിപടലവും വീണ് പ്രതിഫലനത്തെ അസാധ്യമാക്കിയിരിക്കുന്നു.
അന്‍പതുകള്‍ മുതല്‍ ക്രമാനുഗതമായി വളര്‍ന്ന് നാടിനും രാജ്യത്തിനും രാജ്യാന്തരത്തില്‍ യശ്ശസുയര്‍ത്തി വന്ന നമ്മുടെ ചലച്ചിത്ര ശാഖയില്‍ മുഞ്ഞപിടിച്ചിട്ട് നാളുകളേറെയായി.
ചലച്ചിത്രമേള നടക്കുമ്പോള്‍ തലസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന ശ്രദ്ധേയമായ രണ്ട് ചിത്രങ്ങളായിരുന്നു നീലത്താമരയും പഴശ്ശിരാജയും. 25 വര്‍ഷം മുന്‍പ് യൂസഫലികേച്ചേരി എം ടി യുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നീലത്താമര. ഒരു സാധാരണ ചലച്ചിത്രം എന്നതിലുപരി അതിന്റെ പ്രമേയത്തിനോ, അന്തരീക്ഷത്തിനോ കേരളീയ സമൂഹത്തില്‍ അന്നോ, ഇന്നോ യാതൊരു പ്രസക്തിയുമില്ല. ശിഥിലമായ തറവാടുകളും അതിലെ അടക്കിപ്പിടിച്ച നൊമ്പരങ്ങളും വേഴ്ചകളുമൊക്കെ ബഹുഭൂരിപക്ഷത്തെ എങ്ങിനെ ബാധിക്കാനാണ്? ചിത്രത്തിന്റെ ഇതിവൃത്തത്തിന് യാതൊരു ജീവിത ദര്‍ശനവും മുന്നോട്ടു വയ്ക്കാനുമില്ല. ചലച്ചിത്രകാരന്മാര്‍ക്ക് ഒന്നും ചെയ്യാനില്ലെങ്കില്‍ ഇങ്ങനെ പഴംതുണികള്‍ വാരി പുരപ്പുറത്തിടേണ്ടതുണ്ടോ?

കേരളത്തിന്റെ എക്കാലത്തെയും ഉജ്ജ്വല നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വേഷം കെട്ടിയ പഴശ്ശിരാജയാണ് ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍തുണയോടെ മമ്മൂട്ടി ചിത്രമായി ആനയിച്ചിരിക്കുന്നത്. ഒളിപ്പോരാളിയായി പഴശ്ശിരാജയെ ആഘോഷത്തോടെ എഴുന്നള്ളിച്ചുകണ്ടപ്പോള്‍ ആശിച്ചുപോയി, ഇതിന്റെ സൃഷ്ടാക്കള്‍ ചൈനയില്‍ നിന്ന് വരുന്ന മൂന്നാംകിട മാര്‍ഷ്യല്‍ ആര്‍ട്ട്സ് ചിത്രങ്ങളെയെങ്കിലും അനുകരിച്ചിരുന്നെങ്കിലെന്ന്!
എഴുപതുകളിലെ ദുര്‍ഗ്രഹമായ ചിത്രങ്ങള്‍ക്കുശേഷം എണ്‍പതുകള്‍ വരവേറ്റത് സമാന്തര സിനിമകളുടെ പൂക്കാലത്തെയായിരുന്നില്ലോ. മോഹന്‍. പത്മരാജന്‍, കെ ജി ജോര്‍ജ്, ഭരതന്‍ തുടങ്ങിയവര്‍ സൃഷ്ടിച്ച കേരളീയ ഗന്ധമുളള ദൃശ്യപ്രപഞ്ചം മനം നിറയ്ക്കുക മാത്രമല്ല ചെയ്തത് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കുറെ ദൃശ്യാനുഭവങ്ങളുടെ അനുഭൂതികൂടിയായിരുന്നു. സിനിമ കലാമൂല്യത്തിനും സാങ്കേതികത്വത്തിനും ഒപ്പം വാണിജ്യ താല്‍പര്യങ്ങളോടും നീതി പുലര്‍ത്തേണ്ട കലാരൂപമാണെന്ന കാഴ്ചപ്പാട് സമാന്തര സിനിമകള്‍ നിറവേറ്റിയിരുന്നു.
ഇപ്പോള്‍ വൃദ്ധരായ താരങ്ങള്‍ സൂപ്പര്‍മാന്‍ ഇമേജില്‍ ചെയ്യുന്ന വേഷങ്ങള്‍ കാണുമ്പോള്‍ അവര്‍ സ്വകാര്യ നിമിഷങ്ങള്‍പോലും സ്വയം വിലയിരുത്തുന്നില്ലല്ലോ എന്ന് പരിതപിച്ചുപോകും.
ഭ്രമരംപോലുളള ചിത്രങ്ങളിലെ വേഷങ്ങള്‍ മാത്രമാണ് ഇനി ഈ താരങ്ങള്‍ ചെയ്യേണ്ടത്.
സേതുമാധവനും എ വിന്‍സന്റും രാമുകാര്യാട്ടുമൊക്കെ ചെയ്ത ചിത്രങ്ങള്‍ ഇടയ്ക്കൊക്കെ കാണുന്നത് ഇപ്പോഴത്തെ ചലച്ചിത്രകാരന്മാര്‍ എത്രടം മുന്നോട്ടുപോയിട്ടുണ്ടെന്ന് വ്യക്തമാക്കും.
'ഭാര്‍ഗ്ഗവീനിലയം' പുനര്‍ചിത്രീകരിക്കാന്‍ പോകുന്നതായി ഇടയ്ക്ക് വാര്‍ത്തകള്‍ കേട്ടിരുന്നു. ഒരു കാലഘട്ടത്തിലെ അസാമാന്യപ്രതിഭകള്‍ സമ്മേളിച്ച ഒരു ചിത്രത്തെ സ്പര്‍ശിക്കാന്‍ തോന്നുന്നതു തന്നെ അല്‍പവിഭവന്മാരുടെ ഗുരുത്വകുറവുകൊണ്ടായിരിക്കും.
ഷോലെയുടെ ഉയരം രാംഗോപാല്‍ വര്‍മ്മയ്ക്കായിരിക്കും നന്നായി മനസിലായിട്ടുളളത്. അതേ സമയം ഇതിഹാസകാരന്മാരുടെ മൌനത്തെ പ്രതിഭാധനരായ ചലച്ചിത്രകാരന് ഇനിയും വ്യാഖ്യാനിക്കാം. ആര്‍ജ്ജവമുണ്ടെങ്കില്‍ അതില്‍ മൌലികതയും കാണും. രാമായണത്തെയും മഹാഭാരതത്തെയും ബൈബിളിനേയും പ്രതിഭാധനര്‍ പുനര്‍വായിക്കുമ്പോള്‍ എക്കാലത്തും നല്ല സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്.
സമകാലിക ജീവിതത്തിലേക്ക് കലയുടെ ദര്‍പ്പണം തിരിച്ചുവച്ച് അതില്‍ തെളിയുന്ന ദൃശ്യബിംബങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ജീവിതത്തിന് വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ കഴിവുളളവര്‍ മാത്രം ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.