കഴിഞ്ഞവര്‍ഷം ഏറെ വിറ്റഴിഞ്ഞ പുസ്തകമാണ് ജി.ഇന്ദുഗോപന്റെ 'തസ്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ ‘. അതിലെ ഒരദ്ധ്യായത്തില്‍ കവര്‍ച്ചക്കിടയില്‍ നടന്ന ഒരു ബലാല്‍ക്കാരത്തിന്റെ വിവരണമുണ്ട്. ഒരാണിന്റെ കഥ , വേറൊരു ആണാല്‍ എഴുതപ്പെടുമ്പോള്‍ ഇങ്ങനെയൊക്കെയെ ആവുകയുള്ളൂ. ആദ്യത്തെ എതിര്‍പ്പുകള്‍ക്ക് ശേഷം പെണ്ണത് ആസ്വദിച്ചു എന്നതാണ് കഥാ കൃത്ത് എഴുതിവെച്ചിരിക്കുന്നത്, അല്ലെങ്കില്‍ കള്ളന്‍ സ്വയം അപഹരിക്കുന്നത്. എന്തായിരുന്നു ആ പെണ്‍കുട്ടിയുടെ മനസ്സിലപ്പോള്‍ എന്ന് അതിനിടയില്‍ അവരാരും ചിന്തിച്ചിട്ടില്ല. ശരീരത്തില്‍ വീണ കള്ളന്റെ കറ അവള്‍ കഴുകിക്കളഞ്ഞിട്ടുണ്ടാകും. പക്ഷേ മനസ്സിനേറ്റ മുറിവ് മാഞ്ഞു പോകില്ല. കാലക്രമത്തില്‍ ആ മുറിവിന്റെ ആഴം വര്‍ദ്ധിക്കുകയേയുള്ളൂ.
ഇക്കാര്യത്തില്‍ മാര്‍ക്കേസും ഒട്ടും പിന്നിലല്ല. ലോകത്തില്‍ ഏത് കോണില്‍ പോയാലും ആണ് ആണ് തന്നെ. സ്ത്രീ എന്നും അവന്റെ ഇഛയ്ക്കനുസരിച്ച് ചലിക്കുന്ന പാവ !! അദ്ദേഹത്തിന്റെ ലിയോണ കാസിയാനി (കോളറാ കാലത്തെ പ്രണയം) ഇപ്പോഴും തിരയുകയാണ്, ചെറുപ്പത്തില്‍ തന്നെ ബലമായ് കീഴ്പ്പെടുത്തിയ മനുഷ്യനെ !! ബാബു ഭരദ്വാജിന്റെ പഞ്ചകല്ല്യാണിയും തിരയുന്നത് അതുതന്നെ, എന്തൊരു ഐക്യം !!
അതൊക്കെ കഥ, മാജിക്കല്‍ റിയലിസം എന്നൊക്കെ പറഞ്ഞ് തള്ളിക്കളയാമെന്ന് വെക്കുക. പക്ഷേ നിത്യജീവിതത്തിലോ....?
ഭൂമി നെടുകെ പിളര്‍ന്ന് താന്‍ അപ്പാടെ താഴ്ന്ന് പോയെങ്കില്‍ എന്ന് വിലപിച്ച എത്രയോ നിമിഷങ്ങളുണ്ടാകും ഓരോ പെണ്ണിന്റെയും ജീവിതത്തില്‍. ഒരു പെണ്ണായ് ജനിച്ചുപോയോ ഈശ്വരാ.... എന്ന് നെഞ്ചില്‍ കൈവെച്ച് പോയ അവസരങ്ങള്‍. ഇത്ര നാളും കൂടെ നടന്ന്, രാഷ്ട്രീയവും സിനിമയും എന്നുവേണ്ട സൂര്യനു കീഴിലുള്ള സകലകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ടായിരുന്ന സുഹൃത്തിന് തന്നോട് പ്രണയമാണെന്നറിയുമ്പോള്‍ അമ്പരപ്പിനെക്കാളേറെ സ്വന്തത്തോട് തോന്നുന്ന പുഛമാണുണ്ടാവുക. ഒരു സ്ത്രീ എന്നതിനേക്കാള്‍ തന്നിലെ വ്യക്തി അവഹേളിക്കപ്പെട്ടു എന്ന തോന്നല്‍. ഇങ്ങനൊരു കാപട്യം മനസ്സിലോളിപ്പിച്ചു വച്ചിട്ടാണ് ഇത്രനാളും നീ എനിക്ക് കൂട്ടുവന്നതും, കാലൊന്നിടറിയപ്പോള്‍ കൈതാങ്ങ് തന്നതും, വിഷമങ്ങള്‍ പറയുമ്പോള്‍ സാരല്ല്യടാ പോട്ടെന്നു പറഞ്ഞതും, എന്നാല്‍ സത്യം അറിയുമ്പോഴുണ്ടാകുന്ന നടുക്കം, സ്ത്രീയുടെ മാത്രം നോവുകളാണിതൊക്കെ.
ഒരു പെണ്‍ സുഹൃത്തിനെ തന്റെ തന്നെ മാനസിക നിലയിളുള്ള ഒരു പൂര്‍ണ്ണ വ്യക്തിയായി കാണാനും മനസ്സിലാക്കാനും കഴിയുന്ന പുരുഷന്‍മാര്‍ തുലോം കുറവ്. അവളൊന്ന് ചിരിച്ചാല്‍, മിണ്ടിയാല്‍, സൌഹൃദപൂര്‍വ്വം കൈ നീട്ടിയാല്‍ അത് അതേ നിലയില്‍ ഉള്‍ക്കൊള്ളുന്നവര്‍ കുറവാണ്. ഒന്നുകില്‍ ഇവളെയൊന്നു വളച്ചുനോക്കാം എന്നു കരുതുന്നവര്‍, അല്ലെങ്കില്‍ അവളുടെ പ്രശ്നങ്ങളെല്ലാം ഏറ്റെടുത്ത് അവളെയൊന്ന് ഉദ്ദരിച്ചുകളയാം എന്ന ലൈന്‍. ഈ കാക്കപ്പൊന്നുകള്‍ക്കിടയില്‍ നിന്നും യഥാര്‍ത്ഥ മുത്തും പവിഴവും വേര്‍തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നവര്‍ ഭാഗ്യവതികള്‍. അപൂര്‍വ്വം ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാറുണ്ട്. ഒരേ തരംഗദൈര്‍ഘ്യമുള്ള രണ്ട് ആത്മാവുകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍, തിരിച്ചറിയുമ്പോള്‍ ഉരുത്തിരിയുന്ന സൌഹൃദങ്ങള്‍. രണ്ട് പൂര്‍ണ്ണ വ്യക്തികള്‍ തമ്മിലുള്ള ബന്ധം. പക്ഷേ അത്തരത്തില്‍ ചിന്തിക്കുന്ന ആണുങ്ങള്‍ കുറവ്.
സര്‍വ്വം സഹയാണ് സ്ത്രീ. ഭൂമീദേവിയോളം ക്ഷമ. ഹിമമിടിയുമ്പോഴുള്ള ഉള്ളുരുക്കമുണ്ടാകും ഉള്ളില്‍, എങ്കിലും പുറമേക്ക് സൌമ്യം, ദീപ്തം എന്നിട്ടും ഒരു ഫൂലന്‍ദേവിയായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളുമുണ്ടാവും അവളുടെ ജീവിതത്തില്‍. തിരക്കേറിയ ബസ്സില്‍ നിന്നും, തന്റെ സാരിയില്‍ തെറിച്ചു വീണ അഴുക്ക് മറക്കാന്‍ ബന്ധപ്പട്ടുകൊണ്ട് ജാള്യത്തോടെയും വേദനയോടെയും ഇറങ്ങിപ്പോകുന്ന ഒരു വീട്ടമ്മയെ കാണുമ്പോള്‍, അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയുടെ കൂമ്പിവരുന്ന മാറിലേക്ക് നീട്ടപ്പെട്ട ഒരു കൈ കാണുമ്പോള്‍, അവളാള് ചരക്കാടാ എന്ന് തന്റെ കൂട്ടുകാരനോട് ഒരുത്തന്‍ അടക്കം പറയുന്നത് കേള്‍ക്കുമ്പോള്‍.....
സ്നേഹമയിയാണ് സ്ത്രീ. സ്നേഹത്തിന് വേണ്ടി ഏതറ്റം വരെയും പോകും അവള്‍, തനിക്ക് ചുറ്റം സ്നേഹമിങ്ങനെ ഒഴുകിപ്പരക്കുന്നത് കാണാന്‍, അതിന്റെ കളകള ശബ്ദം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. മനസ്സുകൊണ്ടാണ് അവള്‍ സ്നേഹിക്കുന്നത്. ശരീരം കൊണ്ടല്ല, മനസ്സിന്റെ ദാഹം തീരാന്‍. അതുകൊണ്ടാണ് എസ്മറാള്‍ഡക്ക് ക്വാസിമോദോയെ സ്നേഹിക്കാന്‍ പറ്റിയത്. ഇരുട്ടിന്റെ ആത്മാവിലെ അമ്മുക്കുട്ടി, കാലത്തിലെ സുമതി, മഞ്ഞിലെ വിമല എത്രയോ ഉദാഹരണങ്ങള്‍. രതിപോലും അങ്ങനയെ പറ്റൂ. മനസ്സൊരാള്‍ക്കും ശരീരം വേറൊരാള്‍ക്കും പങ്കുവെക്കാന്‍ സ്ത്രീക്ക് സാധിക്കാതെ പോകുന്നതും അതുകൊണ്ടാണ്. നേരെമറിച്ച് പുരുഷന് അത് പ്രശ്നമല്ല. അവന് അത് വെറും ശാരീരികാവശ്യം മാത്രം.
സ്ത്രീ പുരുഷനെ സ്നേഹിക്കുന്നത് കേള്‍വിയിലൂടെ, ശബ്ദത്തിലൂടെ, പെരുമാറ്റത്തിലൂടെ, പുരുഷന് കാഴ്ചയാണ് മുഖ്യം. അതുകൊണ്ടാണല്ലോ പണ്ട് തന്റെ ഉള്ളിലുള്ള സ്നേഹമറിയിക്കാന്‍ വെമ്പിക്കൊണ്ട് ഓടിവന്ന ഹിഡുംബിയെ ഭീമന്‍ ആദ്യം നിരസിച്ചത്, അവള്‍ രാക്ഷസിയായിരുന്നല്ലോ, പാഞ്ചാലിയോ സുന്ദരിയും. ഹിഡുംബിക്ക് ഒരു ക്ഷേത്രമുണ്ട്, ഹിമാചല്‍ പ്രദേശില്‍ ഹഡിമ്പ ടെമ്പിള്‍, വനത്തിനുള്ളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരമ്പലം. ചുറ്റും ഉറഞ്ഞുകിടക്കുന്ന നിശബ്ദതയെ ഭജ്ജിക്കാന്‍ ഒരു മണിപോലുമില്ലാതെ.... തമസ്കരിക്കപ്പെട്ട സ്നേഹത്തിന്റെ പ്രതീകം പോലെ......
സ്ത്രീയുടെ മനസ്സിന് അഗാധതയേറും, ചുഴികളും മലരികളുമായ്, ഉള്‍ പ്രവാഹത്തോടെ. പ്രവചിക്കാന്‍ കഴിയില്ല അതിന്റെ ഗതി. പര്യവേഷണം അസാധ്യം.
സ്ത്രീ 'യെസ്' എന്ന് പറഞ്ഞാല്‍ അതൊരിക്കലും വെറും Y-E-S യെസാകില്ല. ഒരുപാടു യെസുകള്‍ക്കിടയില്‍ ഏതോ ഒരു 'യെസ്'. നോ എന്നു പറഞ്ഞാല്‍ അത് വെറും N-O അല്ല. ഒരുപാട് 'നോ'കള്‍ക്കിടയിലെ ഏതോ ഒരു 'നോ'. അതിന്റെ അര്‍ത്ഥ വ്യത്യാസങ്ങള്‍ അവള്‍ക്ക് മാത്രമേ അറിയൂ. ആ വ്യത്യാസങ്ങള്‍ അറിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നവന് രക്ഷ. അല്ലെങ്കില്‍ എന്റെ പ്രിയ ആണ്‍ സുഹൃത്തുക്കളേ..... നിങ്ങളുടെ ജീവിതം കട്ടപ്പൊക !!!